Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി അന്വേഷണ സംഘം. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് എത്തിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് വാങ്ങാൻ സമീപിച്ച ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ എആര്‍ ക്യാമ്പിലേക്കാണ് രാഹുലിനെ എത്തിച്ചിരിക്കുന്നത്. പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐടി അറിയിച്ചു.
അതേസമയം, രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ പുറത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ സംഘടിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു.
Business
കൊച്ചി: ഓപ്പോ റെനോ 15 സീരീസ് വിപണിയിലിറക്കി. ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി, റെനോ 15 എന്നീ മൂന്നു മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയിരിക്കുന്നത്.
മികച്ച കാമറശേഷി, വലിയ ബാറ്ററി എന്നിവയാണു പ്രധാന സവിശേഷതകൾ. സഞ്ചാരികൾക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കുമായി രൂപകല്പന ചെയ്ത ഈ സീരീസിൽ നൂതന കാമറാ സിസ്റ്റം, ഇന്റലിജന്റ് എഐ, പ്രിസിഷൻ- എൻജിനിയറിംഗ് ഡിസൈൻ എന്നിവയുണ്ട്.
റെനോ 15 പ്രോയുടെ 12 ജിബി - 256 ജിബി വേരിയന്റിന് 67,999 രൂപയാണു വില. ഇന്നുമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഫോണുകൾ ലഭിക്കും.
Kerala
കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്ട്ടിന് (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനും
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് പിടികൂടിയത്.
എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 10ന് ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയിലായത്.
ഞായറാഴ്ച രാത്രി വിവേക് എക്സ്പ്രസില്‍ നിന്നും, മലബാര്‍ എക്സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്തതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്സ്പ്രസില്‍ നിന്നും മോഷണം നടത്താന്‍ കയറിയ സമയത്താണ് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍ കെ. ബാലന്, എഎസ്ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്‍, ആര്. മഹേഹേഷ്, കെ.വി. നിധിന്, മുഹമ്മദ് റിസ്വന്, ബി.എല്‍. ഷമീര്‍, പി.ജെ. അലക്സ്, അഖില്‍ തോമസ്, അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തുറവൂർ: വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നു അവകാശപ്പെട്ടെത്തിയ മധ്യവയസ്കൻ വീട്ടുകാരെ കബളിപ്പിച്ച് 700 രൂപ വാങ്ങുകയും വീട്ടിലെ മൊബൈൽ ഫോൺ മോഷണമായി കടന്നെന്നും പരാതി.
കോടംതുരുത്ത് ധന്യായിൽ ശ്രീദേവിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയ ആളാണ് കബളിപ്പിച്ചത്. മസ്കറ്റിൽ ജോലിയുള്ള മകന്റെ സുഹൃത്താണെന്നു പരിചയം നടിച്ചെത്തി ഇയാൾ മരട് സ്റ്റേഷനിലെ എഎസ്ഐയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്.
വിരമിക്കാൻ ആറു മാസം മാത്രമേയുള്ളെന്നും കാൻസർ രോഗിയാണെന്നും പറഞ്ഞു. 1,800 രൂപ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത്രയും പണം കൈയിൽ ഇല്ലാതിരുന്നതിനാൽ 700 രൂപ ഉണ്ടായിരുന്നത് വീട്ടുകാർ കൊടുത്തു.
ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർന്നു. ഇയാൾ പോയതിനു ശേഷമാണ് മൊബൈൽ ഫോൺ നഷ്ടമായതു ശ്രദ്ധയിൽപ്പെട്ടത്. പരാതിയെത്തുടർന്നു കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.
National
സിംല: ഹിമാചൽപ്രദേശിലെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മൊബൈൽ ഫോണിനു സന്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു.
നഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു നിരോധനം. അധ്യാപകർക്ക് സ്റ്റാഫ് റൂമിലോ ബാഗിലോ ഫോൺ സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ ഗാലറി, പ്രോഗ്രാം മാനേജ്മെന്റ് സ്റ്റുഡിയോ ഉൾപ്പെടെ ആധുനികസൗകര്യങ്ങൾ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്കു കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Business
കൊച്ചി: 12,999 രൂപ വിലയിൽ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവർ പുറത്തിറക്കി മോട്ടോറോള.
സ്നാപ്പ്ഡ്രാഗൺ 6എസ് ജൻ 4, സെഗ്മെന്റിലെ ഏറ്റവും മികച്ച 50എംപി സോണി ലിറ്റിയ 600 കാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി, മൾട്ടി ടാസ്കിംഗിനായി സ്വൈപ്പ് ടു ഷെയർ, സ്വൈപ്പ് ടു സ്ട്രീം എന്നിവയുള്ള സ്മാർട്ട് കണക്റ്റ് 2.0 എന്നിവയെല്ലാം ജി57 പവറിൽ ഉണ്ട്.
റെഗറ്റ, ഫ്ലൂയിഡിറ്റി, കോർസെയർ എന്നീ മൂന്ന് പാന്റോൺ ക്യൂറേറ്റഡ് ഡിസൈനിലും വീഗൻ ലെതർ ഫിനിഷുകളിലും മോട്ടോ ജി57 പവർ ലഭിക്കും.
Kerala
തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ കരയ്ക്കത്തിച്ചത്.
അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല.
ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്.
വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫോൺ കിട്ടിയില്ല.
District News
പേരൂർക്കട: ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിനുള്ളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ തമ്പാനൂർ എസ്ഐ ബിനു മോഹൻ ഉൾപ്പെട്ട അന്വേഷണസംഘം പിടികൂടി.
നേമം ശാന്തിവിള സ്വദേശി അൽ സൽമാൻ (25) ആണ് പിടിയിലായത്. 22ന് മൈലാടിക്കടവ് ഭാഗത്താണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. വിളവൂർക്കൽ വാളിയോട്ടുകോണം ജംഗ്ഷന് സമീപം ജോയി ഭവനിൽ സുന്ദരരാജ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ വില വരുന്ന വിവോ സ്മാർട്ട്ഫോൺ ആണ് പ്രതി കവർന്നത്.
തമ്പാനൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ അൽ സൽമാൻ പിടിയിലാകുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.